ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നടത്തിയ തൊഴില്‍മേളകള്‍ വഴി 2500 ല്‍ അധികം പേര്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. രണ്ടുപ്രാവശ്യം വീതം ‘നിയുക്തി’ മെഗാ, ‘ദിശ’ മിനി ജോബ് ഫെയറുകള്‍ ജില്ലയില്‍ സംഘടിപ്പിച്ചത് വഴി യഥാക്രമം 2000, 500 പേര്‍ക്ക് പ്ലേസ്‌മെന്റ് ലഭിച്ചു. ഇത്തരം തൊഴില്‍മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് ആരംഭിച്ച വെബ്‌സൈറ്റില്‍ 75ലധികം ഉദ്യോഗദായകരും 5500ത്തില്‍ അധികം ഉദ്യോഗാര്‍ഥികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 4000 ത്തോളം ഒഴിവുകള്‍ നോട്ടിഫൈ ചെയ്യാനും സാധിച്ചു.
കൂടാതെ, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നേതൃത്വത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്കായി ‘സമന്വയ’ എന്ന പേരില്‍ ക്യാമ്പ് രജിസ്‌ട്രേഷനും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. കരിയര്‍ സെമിനാറുകള്‍, പി എസ് സി മത്സരപരീക്ഷ പരിശീലനം, എസ് സി എ- എസ് സി പി കോഴ്‌സുകള്‍ എന്നിവയും നടത്തിവരുന്നു. മള്‍ട്ടിപര്‍പ്പസ്, ശരണ്യ, കൈവല്യ, നവജീവന്‍ എന്നീ സ്വയംതൊഴില്‍ പദ്ധതികള്‍ക്കായി 600 ഓളം യൂണിറ്റുകള്‍ക്ക് ഏകദേശം 16 ലക്ഷം രൂപയും ശരണ്യ പദ്ധതിക്ക് മാത്രമായി ഇതുവരെ 1.27 കോടി രൂപ സബ്‌സിഡിയായും അനുവദിച്ചിട്ടുണ്ട്.